Narayanan Namboodiri

എന്തുകൊണ്ട് 'Sakthiyum Njanum'

എൻ്റെ ആദ്യ പുസ്തകമായ 'ശിവനും ഞാനും' വായനക്കാരിലേക്ക് എത്തിയപ്പോൾ ലഭിച്ച പ്രതികരണങ്ങൾ വിലമതിക്കാനാവാത്തതായിരുന്നു.

സാഹിത്യകുലപതിയായ ശ്രീ. സി. രാധാകൃഷ്ണൻ മുതൽ തന്ത്രവിദ്യാപീഠത്തിൻ്റെ അമരക്കാരനായ ശ്രീ മണ്ണാർശാല സുബ്രഹ്മണ്യൻ നമ്പൂതിരി വരെയുള്ള പല മഹത് വ്യക്തികളും ആ അക്ഷരങ്ങളെ ഹൃദയത്തോട് ചേർത്തു.

മുൻ പ്രതിപക്ഷനേതാവും എം.എൽ.എ. യും ആയ ശ്രീ. രമേശ് ചെന്നിത്തല എന്റെ അടുത്ത പുസ്തകം പ്രസിദ്ധീകരിക്കാം എന്നുവരെ വാക്കുതന്നു.

അത്തരം വലിയ മനസ്സുകളുടെ പ്രോത്സാഹനമാണ് ഏതാനും മാസങ്ങൾക്ക് മുൻപ് 'ശക്തിയും ഞാനും' എന്ന എൻ്റെ രണ്ടാമത്തെ പുസ്തകത്തിൻ്റെ രചന ആരംഭിക്കാനുള്ള ഊർജ്ജം പകർന്നത്.

നിഗൂഢതയുടെ മഞ്ഞുപാളികളാൽ മൂടപ്പെട്ട ‘കുണ്ഡലിനി’ എന്ന മഹാസങ്കൽപ്പത്തിൻ്റെ ചരിത്രവും പരിണാമവുമാണ് ഈ ഗ്രന്ഥത്തിലൂടെ ഞാൻ അനാവരണം ചെയ്യാൻ ശ്രമിക്കുന്നത്.

കുണ്ഡലിനിയുടെ ശാസ്ത്രീയവും മനഃശാസ്ത്രപരവുമായ ആഴങ്ങളെ, ലളിതമായി വിശദീകരിക്കാനും, ആ അഗ്നി ഉള്ളിലുണർന്ന മഹാത്മാക്കളുടെ അനുഭവസാക്ഷ്യങ്ങളിലൂടെ ആ ആന്തരിക യാത്രയുടെ ഒരു നേർക്കാഴ്ച നൽകാനും ഞാനിവിടെ ശ്രമിച്ചിട്ടുണ്ട്.

ഈ വിഷയം എൻ്റെ അറിവിനും അപ്പുറത്താണെന്ന് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, ശക്തി,ജ്ഞാനസ്വരൂപിണിയായ മൂകാംബികാദേവിയെ ഹൃദയത്തിൽ ധ്യാനിച്ച്, ഈ അക്ഷരയജ്ഞത്തിൻ്റെ ഫലം എന്തുതന്നെയായാലും, അത് ആ ജഗദംബയുടെ പാദങ്ങളിൽ ഒരു പുഷ്പദളമായി സമർപ്പിക്കാമെന്ന് പ്രാർത്ഥിച്ചാണ് ഞാനീ ഉദ്യമത്തിനിറങ്ങിയത്.

ഈ യാത്രയിൽ താങ്ങും തണലുമായി നിന്ന സുമനസ്സുകൾക്കും, ജ്ഞാനത്തിൻ്റെ ദീപശിഖയേന്തിയ പൂർവ്വസൂരികൾക്കും, എഴുത്തിലുടനീളം ഒരു വഴികാട്ടിയായി വർത്തിച്ച അദൃശ്യമായ ആ ദൈവിക സാന്നിധ്യത്തിനും എൻ്റെ ഹൃദയംഗമമായ നന്ദി.

ദൈവഹിതം കൊണ്ട്, ആ തീർത്ഥയാത്ര അതിൻ്റെ അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. ഏതാനും വെട്ടിത്തിരുത്തലുകളും അവസാന മിനുക്കുപണികളും കഴിഞ്ഞാൽ, 'ശക്തിയും ഞാനും' ലോകത്തിന് മുന്നിലെത്തും.

എന്നെ സംബന്ധിച്ചിടത്തോളം ഈ ഗ്രന്ഥം, പ്രപഞ്ചമാകെ സ്പന്ദിക്കുന്ന ആ പരാശക്തിയുടെ പാദങ്ങളിൽ വിനീതമായി സമർപ്പിക്കുന്ന ഒരുപിടി അക്ഷരപുഷ്പങ്ങളാണ്.

ഈ എളിയ ശ്രമം, കുണ്ഡലിനിയുടെ ഗഹനമായ താഴ്‌വരകളിലൂടെ സഞ്ചരിക്കുന്ന ആർക്കെങ്കിലും ഉത്തരം കണ്ടെത്തേണ്ട ഒരു സമസ്യയായോ, വഴിത്താരയിലെ ഒരു കൈവിളക്കായോ, അതുമല്ലെങ്കിൽ ഏകാന്തയാത്രയിലെ ഒരു സതീർത്ഥ്യനായോ അനുഭവപ്പെടുമെങ്കിൽ ഞാൻ കൃതാർത്ഥനായി.